[🌾 Rice — Malayalam Summary
ചെമ്മനം ചാക്കോ | XII English
നെൽകൃഷിയുടെ തകർച്ചയും ഭക്ഷ്യകാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയും പരിഹാസത്തിലൂടെ അവതരിപ്പിക്കുന്ന കവിതയാണ് ചെമ്മനം ചാക്കോയുടെ “റൈസ്”. പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമാണ് കവിതയുടെ പ്രധാന സവിശേഷത.
ഉത്തരേന്ത്യയിൽ നാലുവർഷത്തെ ഗവേഷണത്തിനുശേഷം ഒരു യുവാവ് നാട്ടിലേക്ക് മടങ്ങുന്നു. നെല്ലിന്റെ ഉമികൊണ്ട് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിലുള്ള ഗവേഷണത്തിന് അയാൾ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദിവസവും ചപ്പാത്തി കഴിച്ച് മടുത്ത അയാൾ നാട്ടിലെ ആത്തിക്കിരി അരിച്ചോറ് കഴിക്കാൻ കൊതിക്കുന്നു.
നാട്ടിലെത്തുമ്പോൾ നെൽപ്പാടത്ത് പണിയെടുക്കുന്ന അച്ഛനെയും ഞാറുമായി നടക്കുന്ന അനുജനെയും കാണാമെന്നാണ് അയാളുടെ പ്രതീക്ഷ. തന്റെ വരവ് അനുജൻ സന്തോഷത്തോടെ അമ്മയെ അറിയിക്കുമെന്നും അമ്മ ചോറ് തയ്യാറാക്കുന്ന സമയത്ത് വീട്ടിലെത്താമെന്നും അയാൾ സങ്കൽപ്പിക്കുന്നു. അതുകൊണ്ട് തീവണ്ടി കുറച്ചുകൂടി വേഗത്തിൽ ഓടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
എന്നാൽ നാട്ടിലെത്തുമ്പോൾ കാഴ്ചകൾ ആകെ മാറിയിരിക്കുന്നു. നെൽകൃഷിയുണ്ടായിരുന്ന സ്ഥലങ്ങളിൽ റബ്ബറും കവുങ്ങും മറ്റു മരങ്ങളും വളരുന്നു. ഉഴവിന്റെ ശബ്ദവും തൊഴിലാളികളുടെ തിരക്കും ഇല്ല. റബ്ബർഷീറ്റ് നിർമിക്കാനുള്ള യന്ത്രം സ്ഥാപിക്കുന്നത് സന്തോഷത്തോടെ നോക്കിനിൽക്കുകയാണ് അച്ഛൻ.
നെൽകൃഷി ബുദ്ധിമുട്ടുള്ളതും ലാഭം കുറഞ്ഞതുമാണെന്ന് അച്ഛൻ പറയുന്നു. നാണ്യവിളകളിൽനിന്ന് കൂടുതൽ വരുമാനം ലഭിക്കുന്നു. നെൽപ്പാടമില്ലാത്തവർക്ക് സർക്കാർ അരി നൽകുമെന്നതിനാൽ സ്വന്തമായി നെല്ല് ഉൽപ്പാദിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഞാറുമായി വരുമെന്ന് പ്രതീക്ഷിച്ച അനുജൻ റേഷൻ ഗോതമ്പുമായാണ് എത്തുന്നത്. ഇടറിവീഴുമ്പോൾ ഗോതമ്പ് മുറ്റത്ത് ചിതറുന്നു.
ഇതിനിടെ കൂടുതൽ ധാന്യം ആവശ്യപ്പെടാൻ മുഖ്യമന്ത്രി വിമാനത്തിൽ കേന്ദ്രത്തിലേക്ക് പോകുന്നു. താഴെ നാണ്യവിളകൾ വളരുമ്പോൾ ഭക്ഷണത്തിനായി പുറത്തുനിന്നുള്ള സഹായം തേടുന്നത് കവിതയിലെ പ്രധാന പരിഹാസമാണ്. കളിപ്പാട്ടങ്ങൾ നിർമിക്കാൻ ആവശ്യമായ ഉമിപോലും ഇനി കേന്ദ്രത്തിൽനിന്ന് വാങ്ങേണ്ടിവരുമോ എന്ന യുവാവിന്റെ ചോദ്യത്തോടെയാണ് കവിത അവസാനിക്കുന്നത്.
ലാഭത്തിന് മാത്രം പ്രാധാന്യം നൽകി ഭക്ഷ്യവിളകൾ ഉപേക്ഷിക്കുന്നത് ഭക്ഷ്യസ്വയംപര്യാപ്തത നഷ്ടപ്പെടുത്തുമെന്നാണ് കവിതയുടെ മുന്നറിയിപ്പ്. നെൽകൃഷി ലാഭകരമാക്കേണ്ടതിന്റെയും കർഷകരെ പിന്തുണയ്ക്കേണ്ടതിന്റെയും ആവശ്യകതയും കവിത ഓർമിപ്പിക്കുന്നു.]
[📘 Note Stanza-wise Analysis Presentation Visual Storybook Easy Point Notes Essays Paragraph Questions Malayalam Summary]
[Prepared by Sindhu P,HSST English,GGHSS Kallai]
