[Post Early for Christmas — മലയാളം സംഗ്രഹം
ആർ. എച്ച്. വുഡ് | XII English
ആർ. എച്ച്. വുഡിന്റെ ‘പോസ്റ്റ് ഏർലി ഫോർ ക്രിസ്മസ്’ തെറ്റിദ്ധാരണകളും വാക്കുകൾ തെറ്റായി കേൾക്കുന്നതും അനാവശ്യഭീതിയും ചേർന്ന് ഹാസ്യം സൃഷ്ടിക്കുന്ന ഏകാങ്കനാടകമാണ്. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഒരു ഇംഗ്ലീഷ് ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലാണ് കഥ നടക്കുന്നത്.
പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് പല സ്വഭാവക്കാരായ ഉപഭോക്താക്കളെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നു. മിസിസ് സ്മിത്ത് തന്റെ ക്രിസ്മസ് കാർഡുകളും സമ്മാനങ്ങളും നേരത്തേ അയച്ചുകഴിഞ്ഞു. എന്നാൽ മിസിസ് ജോൺസ് അവസാനനിമിഷം പാഴ്സലുകളുമായി എത്തുകയും അവ പ്രത്യേകം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. നേരത്തേ അയയ്ക്കാമായിരുന്നില്ലേ എന്ന അസിസ്റ്റന്റിന്റെ നിർദേശം അവരെ ദേഷ്യംപിടിപ്പിക്കുന്നു.
പെൻഷൻ വാങ്ങാനെത്തുന്ന വൃദ്ധന് കേൾവിക്കുറവുണ്ട്. അസിസ്റ്റന്റ് പറയുന്ന “ബുക്ക്” എന്ന വാക്ക് അദ്ദേഹം “കുക്ക്” എന്നു കേൾക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലും സമാനമായ തെറ്റിദ്ധാരണകളുണ്ടാകുന്നു. ഒടുവിൽ അസിസ്റ്റന്റിനാണ് കേൾവിക്കുറവെന്ന് അദ്ദേഹം പറയുന്നത് രംഗത്തെ കൂടുതൽ രസകരമാക്കുന്നു.
മറ്റൊരു വയോധിക തന്റെ പരിക്കേറ്റ പൂച്ചയായ ടിഡിൽസിനെക്കുറിച്ച് അന്വേഷിച്ചെത്തുന്നു. പോസ്റ്റ് ഓഫീസ് മൃഗചികിത്സാകേന്ദ്രമാണെന്നാണ് അവർ കരുതുന്നത്. അസിസ്റ്റന്റ് തെറ്റ് വിശദീകരിക്കുന്നു. പോകുന്നതിനുമുമ്പ് അവർ ഒരു സ്റ്റാമ്പ് വാങ്ങുന്നു.
ഇതിനിടയിൽ ഫാർമർ ബ്രൗൺ ഒരു പത്രവാർത്ത വായിക്കുന്നു. ക്രിസ്മസ് പാഴ്സലിന്റെ രൂപത്തിൽ ഒളിപ്പിച്ച ടൈംബോംബിനെക്കുറിച്ചാണ് വാർത്ത. ടിക് ടിക് ശബ്ദമുണ്ടാക്കുന്ന പാഴ്സലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംസാരം അസിസ്റ്റന്റിനെ ആശങ്കപ്പെടുത്തുന്നു. പിന്നീട് ഉണ്ടാകുന്ന ഭീതിക്ക് ഈ വാർത്ത പശ്ചാത്തലമൊരുക്കുന്നു.
മിസിസ് ഹിഗ്ഗിൻസ് മകൻ ബെർട്ടിയുമായി പോസ്റ്റ് ഓഫീസിലെത്തുന്നു. അമ്മ ഇടപാടുകളിൽ ഏർപ്പെടുമ്പോൾ ബെർട്ടി കളിപ്പാട്ട തീവണ്ടിയും ഐസ്ക്രീമും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവന്റെ ഭാഷാപ്രയോഗങ്ങൾ തിരുത്താൻ ശ്രമിക്കുന്ന അമ്മയ്ക്കും തെറ്റുപറ്റുന്നു. “I seed ’em” എന്നത് ബെർട്ടി “I sawed ’em” എന്നു മാറ്റുമ്പോൾ അമ്മ അത് ശരിയാണെന്ന് അംഗീകരിക്കുന്നു. ഈ സംഭാഷണവും “grammar” എന്നത് “grandma” എന്നു തെറ്റിദ്ധരിക്കുന്നതും ഹാസ്യം സൃഷ്ടിക്കുന്നു.
ഒരു വിദേശസഞ്ചാരി ഭാരമുള്ള ഒരു പാഴ്സൽ അയയ്ക്കാനെത്തുന്നു. ക്രിസ്മസ് സമ്മാനമായതിനാൽ അത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പാഴ്സൽ എപ്പോൾ കൊണ്ടുപോകുമെന്നും അന്വേഷിക്കുന്നു. മടങ്ങുമ്പോൾ തന്റെ കൈയുറകൾ അദ്ദേഹം അവിടെ മറന്നുവയ്ക്കുന്നു.
പിന്നീട് പാഴ്സലിൽനിന്ന് ടിക് ടിക് ശബ്ദം ബെർട്ടി കേൾക്കുന്നു. അമ്മ ആദ്യം അവനെ അവഗണിക്കുന്നെങ്കിലും മറ്റുള്ളവരും ശബ്ദം കേൾക്കുന്നു. പത്രവാർത്ത ഓർത്ത ഫാർമർ ബ്രൗൺ അതൊരു ടൈംബോംബാണെന്ന് പ്രഖ്യാപിക്കുന്നു. ആരും സത്യം പരിശോധിക്കുന്നില്ല. എല്ലാവരും ഭയന്ന് ഒളിക്കുന്നു. എന്നാൽ വൃദ്ധൻ അവർ ഒളിച്ചുകളിക്കുകയാണെന്ന് കരുതുന്നു.
ബെർട്ടി ഒരു പോലീസുകാരനെ വിളിച്ചുകൊണ്ടുവരുന്നു. ആദ്യം ബെർട്ടിയുടെ കുസൃതിയാണെന്ന് സംശയിക്കുന്ന പോലീസുകാരൻ ടിക് ടിക് ശബ്ദം കേട്ടതോടെ പാഴ്സൽ പരിശോധിക്കാൻ തുടങ്ങുന്നു. ഫാർമർ ബ്രൗണിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് വെള്ളം കൊണ്ടുവരുന്നു.
അപ്പോഴാണ് കൈയുറകൾ എടുക്കാൻ വിദേശസഞ്ചാരി തിരിച്ചെത്തുന്നത്. പോലീസുകാരൻ തന്റെ പാഴ്സൽ തുറക്കാൻ ശ്രമിക്കുന്നതിനെ അദ്ദേഹം എതിർക്കുന്നു. പെട്ടെന്ന് ടിക് ടിക് ശബ്ദം നിലയ്ക്കുന്നു. ഉടൻ ബോംബ് പൊട്ടുമെന്ന് കരുതി പോലീസുകാരൻ പാഴ്സൽ വെള്ളത്തിലിടുന്നു.
സഞ്ചാരി പാഴ്സൽ തിരിച്ചെടുത്ത് അതിനുള്ളിലെ വസ്തു പുറത്തെടുക്കുന്നു. അത് ബോംബായിരുന്നില്ല; ക്രിസ്മസ് സമ്മാനമായി അയച്ച ഒരു വലിയ സ്വിസ് ക്ലോക്കായിരുന്നു. തന്റെ സമ്മാനം നശിപ്പിച്ചതിൽ അദ്ദേഹം രോഷാകുലനാകുന്നു. നിയമനടപടി സ്വീകരിക്കുമെന്നും പോസ്റ്റ്മാസ്റ്റർ ജനറലിന് പരാതി നൽകുമെന്നും അദ്ദേഹം പറയുന്നു.
ഈ സംഭവങ്ങളാൽ മടുത്ത അസിസ്റ്റന്റ് പോസ്റ്റ് ഓഫീസിലെ ജോലി ഉപേക്ഷിച്ച് മൃഗചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്യാൻ തീരുമാനിക്കുന്നു. മനുഷ്യരെപ്പോലെ മൃഗങ്ങൾ ഇത്ര വിഡ്ഢിത്തമായി പെരുമാറില്ലെന്നാണ് അവളുടെ അഭിപ്രായം. ഈ പരാമർശത്തോടെ നാടകം ഹാസ്യാത്മകമായി അവസാനിക്കുന്നു.
വസ്തുതകൾ പരിശോധിക്കാതെയുള്ള നിഗമനങ്ങളും അനാവശ്യഭീതിയും നഷ്ടമുണ്ടാക്കാമെന്ന് നാടകം കാണിക്കുന്നു. തെറ്റിദ്ധാരണകൾ, വാക്കുകളിലെ ആശയക്കുഴപ്പം, അതിരുകടന്ന പ്രതികരണങ്ങൾ എന്നിവയിലൂടെ ചിരിപ്പിക്കുന്നതിനൊപ്പം പൊതുജനങ്ങളെ സേവിക്കുന്നവരുടെ ബുദ്ധിമുട്ടുകളും നാടകം അവതരിപ്പിക്കുന്നു.]
[📘 Note Presentation Visual Storybook Easy Point Notes Essays Paragraph Questions Malayalam Summary]
[Prepared by Sindhu P,HSST English,GGHSS Kallai]
