[If –Malayalam Summary
റുഡ്യാർഡ് കിപ്ലിങ് രചിച്ച ഉപദേശാത്മകമായ കവിതയാണ് “If”. ജീവിതത്തിലെ പ്രയാസങ്ങളെയും വിജയപരാജയങ്ങളെയും ധൈര്യത്തോടും ആത്മനിയന്ത്രണത്തോടും നേരിട്ട് ഒരു ഉത്തമ വ്യക്തിയായി വളരാൻ ആവശ്യമായ ഗുണങ്ങളാണ് കവി ഈ കവിതയിലൂടെ സ്വന്തം മകനോട് വിശദീകരിക്കുന്നത്.
മറ്റുള്ളവർ സമനില തെറ്റുകയും നമ്മെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലും ശാന്തത കൈവിടരുതെന്ന് കവി ഉപദേശിക്കുന്നു. എല്ലാവരും സംശയിച്ചാലും സ്വയം വിശ്വസിക്കണം. അതേസമയം, അവരുടെ സംശയങ്ങളെയും മനസ്സിലാക്കാനുള്ള സഹിഷ്ണുത ഉണ്ടാകണം. ക്ഷമയോടെ കാത്തിരിക്കാനും അസത്യപ്രചാരണങ്ങൾക്ക് മറുപടിയായി കള്ളം പറയാതിരിക്കാനും വെറുപ്പിനെ വെറുപ്പുകൊണ്ട് നേരിടാതിരിക്കാനും കഴിയണം. സ്വന്തം നന്മയിലോ ബുദ്ധിയിലോ അഹങ്കരിക്കരുത്.
സ്വപ്നങ്ങൾ കാണണം; എന്നാൽ അവ നമ്മെ നിയന്ത്രിക്കുന്ന യജമാനന്മാരാകാൻ അനുവദിക്കരുത്. ചിന്തിക്കണം; പക്ഷേ ചിന്തയിൽ മാത്രം മുഴുകി പ്രവർത്തനം മറക്കരുത്. വിജയത്തെയും പരാജയത്തെയും ഒരേ മനോഭാവത്തോടെ സ്വീകരിക്കണം. കവി അവയെ വഞ്ചകരായ രണ്ട് “കപടവേഷക്കാർ” ആയി ചിത്രീകരിക്കുന്നു. കാരണം വിജയവും പരാജയവും സ്ഥിരമായ അവസ്ഥകളല്ല.
നാം പറഞ്ഞ സത്യത്തെ ദുഷ്ടന്മാർ വളച്ചൊടിച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നതിനായി ഉപയോഗിച്ചാലും അത് സഹിക്കണം. ജീവിതം മുഴുവൻ ചെലവഴിച്ചു നിർമ്മിച്ച കാര്യങ്ങൾ തകർന്നുപോകുമ്പോൾ നിരാശപ്പെടരുത്. പഴകിയ ഉപകരണങ്ങൾ മാത്രമേ കൈവശമുള്ളുവെങ്കിലും വിനയത്തോടെ അവ വീണ്ടും പടുത്തുയർത്താൻ തയ്യാറാകണം.
നേടിയ സമ്പാദ്യങ്ങളെല്ലാം ഒരൊറ്റ ശ്രമത്തിൽ പണയംവെക്കാനും നഷ്ടപ്പെട്ടാൽ പരാതി പറയാതെ വീണ്ടും ആദ്യം മുതൽ തുടങ്ങാനും ധൈര്യം വേണം. ശരീരവും മനസ്സും ക്ഷീണിച്ചാലും ശക്തമായ ഇച്ഛാശക്തിയുടെ സഹായത്തോടെ മുന്നോട്ടുപോകണം. ഒന്നും ശേഷിക്കാത്ത അവസ്ഥയിലും ഉള്ളിലെ മനോബലം “പിടിച്ചുനിൽക്കൂ” എന്ന് നമ്മെ പ്രേരിപ്പിക്കണം.
സാധാരണ ജനങ്ങളോടു സംസാരിക്കുമ്പോൾ സ്വന്തം സദ്ഗുണങ്ങൾ സംരക്ഷിക്കുകയും രാജാക്കന്മാരോടൊപ്പം നടക്കുമ്പോഴും സാധാരണക്കാരുമായുള്ള ബന്ധം നഷ്ടപ്പെടുത്താതിരിക്കുകയും വേണം. ശത്രുക്കളോ പ്രിയപ്പെട്ട സുഹൃത്തുക്കളോ നമ്മെ അതിരുകടന്ന് സ്വാധീനിക്കാൻ അനുവദിക്കരുത്. എല്ലാവരെയും ബഹുമാനിക്കണം; എന്നാൽ ആരെയും അമിതമായി ആശ്രയിക്കരുത്.
കാലം ആരെയും കാത്തുനിൽക്കാത്തതിനാൽ ഓരോ നിമിഷവും പ്രയോജനപ്പെടുത്തണം. ഒരു മിനിറ്റിലെ അറുപത് സെക്കൻഡും അർത്ഥവത്തായ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം. ഇങ്ങനെ ആത്മവിശ്വാസം, ക്ഷമ, സത്യസന്ധത, ധൈര്യം, സമചിത്തത, വിനയം, സഹിഷ്ണുത, കഠിനാധ്വാനം, ഇച്ഛാശക്തി എന്നിവ വളർത്തിയെടുക്കുന്ന വ്യക്തിക്ക് ലോകവും അതിലുള്ളതെല്ലാം സ്വന്തമാക്കാൻ കഴിയും. അതിലുപരി, അയാൾ പക്വതയും മഹത്തായ സ്വഭാവവുമുള്ള ഒരു സമ്പൂർണ മനുഷ്യനായി മാറുമെന്ന് കവി പറയുന്നു.
ജീവിതത്തിലെ വിജയം സമ്പത്തിലോ അധികാരത്തിലോ മാത്രം അടങ്ങിയിരിക്കുന്നില്ലെന്നും നല്ല സ്വഭാവവും ആത്മനിയന്ത്രണവും പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവുമാണ് യഥാർഥ വിജയത്തിന്റെ അടിസ്ഥാനം എന്നുമാണ് കവിതയുടെ കേന്ദ്രസന്ദേശം.]
[Note Capsule Notes Extract Questions Storyboards Essays Paragraph Questions Stanza-wise Analysis Malayalam Summary]
[Prepared By Sindhu P,HSST English,GGHSS Kallai]